Movies
ഫിറോസ് ഖാനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി സജ്ന നൂർ രംഗത്ത്. ആദ്യ വീഡിയോയിൽ പറയാൻ മറന്നു പോയ കാര്യങ്ങളാണ് പുതിയ വീഡിയോയിൽ സജ്ന പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ടെലിവിഷൻ പരിപാടി കഴിഞ്ഞുള്ള പാർട്ടിക്കിടയിൽ ഫിറോസ് ഖാൻ മറ്റൊരു നടിയെ പരസ്യമായി ചുംബിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്നാണ് സജ്ന ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ സംഭവം നടക്കുമ്പോൾ സഹപ്രവർത്തകരായ ജിഷിൻ, പ്രമോദ് തുടങ്ങിയ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നുവെന്നും അവർ സ്തബ്ധരായി തന്നെ നോക്കുകയായിരുന്നുവെന്നും സജ്ന വെളിപ്പെടുത്തി.
സജ്നയുടെ വാക്കുകൾ
‘‘വീഡിയോ എടുത്തു കഴിഞ്ഞപ്പോഴാണ് വിട്ടുപോയ ആ പ്രധാനപ്പെട്ട കാര്യം എനിക്ക് ഓർമ വന്നത്. ഒന്നോ രണ്ടോ കാര്യങ്ങളാണെങ്കിൽ നമുക്ക് ഓർത്തുവയ്ക്കാം, ഇതിപ്പോൾ ഒത്തിരി ഉള്ളതുകൊണ്ട് പലതും മറന്നുപോയി. ഏഴെട്ട് വർഷം മുൻപ് നടന്ന ആ സംഭവം ഇപ്പോൾ ഒരു ട്രോൾ വിഡിയോ കണ്ടപ്പോഴാണ് വീണ്ടും ഓർമ വന്നത്.
നമ്മുടെ ബഷീർ ബാഷി, മൃദുല, ജിഷിൻ ചേട്ടൻ, പ്രമോദേട്ടൻ തുടങ്ങിയ ഒട്ടേറെ ആർട്ടിസ്റ്റുകൾ പങ്കെടുത്ത ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും ഒത്തുചേർന്ന ഒരു നൈറ്റ് പാർട്ടിക്കിടയിലാണ് ആ സംഭവമുണ്ടായത്.
ഞങ്ങൾ എല്ലാവരും കൂടെ ഇങ്ങനെ പാർട്ടിക്ക് ഇരിക്കുന്നു. ഞങ്ങൾ എല്ലാവരും കൂടെ രസമായിട്ട് തമാശ കളിക്കുന്നു. പെണ്ണുങ്ങളെല്ലാം ജ്യൂസ് കുടിക്കുന്നു, ആണുങ്ങൾ മദ്യം കുടിക്കുന്നു. അതിനകത്ത് മദ്യം കുടിക്കുന്ന ആൾക്കാർ മദ്യം കുടിക്കുന്നു.
അങ്ങനെ കുറെ കാര്യങ്ങൾ നടക്കുന്നുണ്ട്. നമ്മൾ എല്ലാവരും കൂടെ ആർട്ടിസ്റ്റുകൾ എല്ലാവരും ആസ്വദിക്കുന്ന ഒരു സമയം. ഷൂട്ട് ഒക്കെ കഴിഞ്ഞ് വലിയ തിരക്കുകൾ കഴിഞ്ഞ് ഇരിക്കുകയാണ്. എല്ലാവരും തമാശകൾ പറഞ്ഞ് ആസ്വദിച്ചിരുന്ന ആ സമയത്ത്, ഹാളിലെ ഒരു അലമാരയുടെ കണ്ണാടിയിലൂടെ ബാത്റൂമിന് അടുത്തുള്ള ഭാഗം എനിക്ക് പ്രതിഫലിച്ചു കാണാമായിരുന്നു.
ആ പാർട്ടിക്കിടയിൽ നടന്ന ആ സംഭവം ഇന്നും ഓർമയുണ്ട്. ഞങ്ങളെല്ലാവരും കൂടി ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. ചിലർ സിഗരറ്റ് വലിക്കുന്നുണ്ട്, ചിലർ മദ്യം കഴിക്കുന്നുണ്ട്. തമാശകളും ചിരിയുമായി എല്ലാവരും ആഘോഷിക്കുന്ന സമയം.
ഇതിനിടയിൽ അവിടെ അനാവശ്യമായി ഒന്നും നടന്നിട്ടില്ല എന്ന് പറയാനാണ് ഞാൻ ഇത് വ്യക്തമാക്കുന്നത്. ഞാൻ സിഗരറ്റ് വലിക്കുന്നു എന്ന് ആരും അർഥം വയ്ക്കാതിരിക്കാൻ കൂടിയാണ് ഇത് പറയുന്നത്. ഞങ്ങൾ ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുമ്പോൾ ജിഷിൻ ചേട്ടൻ അടക്കമുള്ളവർ സ്തബ്ധരായി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
എന്തുപറ്റിയെന്ന് മനസ്സിലാകാതെ ഞാൻ സ്തംഭിച്ചു നിൽക്കുമ്പോഴാണ് അവിടുത്തെ ഒരു കാഴ്ച എന്റെ ശ്രദ്ധയിൽപ്പെട്ടത്. ആ മുറിയിലെ അലമാരയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലെ കണ്ണാടി നേരെ ബാത്റൂമിന്റെ ഭാഗത്തേക്കാണ് പ്രതിഫലിക്കുന്നത്. ആ കണ്ണാടിയിലൂടെ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു.
ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും (ഫ്രഞ്ച് കിസ്സ്) ചെയ്യുന്നു! ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവർക്കും അറിയാം. കണ്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ തരിച്ചുനിന്നുപോയി.
പെട്ടെന്നുതന്നെ ഞാൻ അങ്ങോട്ട് ചാടിവീണ് വലിയ പ്രശ്നമുണ്ടാക്കി. അവിടെ കിടന്ന് ഭയങ്കര കരച്ചിലും ബഹളവുമായി. ഒടുവിൽ അവിടെ നിൽക്കാൻ കഴിയാതെ ഞാൻ ഇറങ്ങിപ്പോയി.
അന്ന് രാത്രി എന്റെ കൂടെ വർക്ക് ചെയ്തിരുന്ന മൃദുലയുടെ മുറിയിലാണ് ഞാൻ കരഞ്ഞുകൊണ്ട് അഭയം തേടിയത്. പക്ഷേ, പിറ്റേന്ന് രാവിലെ പതിവുപോലെ അയാൾ വന്ന് എന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു. അത് അറിയാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞ് എന്നെ വീണ്ടും വിശ്വസിപ്പിച്ചു
അങ്ങനെ ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ തുടക്കകാലം മുതൽ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ടെലിവിഷൻ പ്രോഗ്രാം നടക്കുന്നത് ഏഴെട്ട് വർഷം മുൻപാണ്.
ആ സമയത്താണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടായത്. ഇതിന് തെളിവായി ജിഷിൻ ചേട്ടനെയോ പ്രമോദേട്ടനെയോ ഒക്കെ എനിക്ക് പറയാം, പക്ഷേ അവർ സത്യം പറയുമോ എന്ന് എനിക്കറിയില്ല; ഒരുപക്ഷേ ഫിറോസിനെ പേടിച്ചിട്ടായിരിക്കാം അവർ മിണ്ടാത്തത്.
ദൈവത്തെ ഓർത്ത് പറയുകയാണ്, ആ പാർട്ടിക്കിടയിൽ കണ്ട പെൺകുട്ടിയെ പിന്നീട് ഏതോ ഒരു സിനിമയിലാണ് ഞാൻ കണ്ടത്. ഇപ്പോൾ വിഡിയോകൾ നോക്കുന്നതിനിടയിൽ ആ കുട്ടിയുടെ വിഡിയോ കറക്റ്റ് എന്റെ മുന്നിൽ വന്നു. അപ്പോഴാണ് മറന്നുപോയ ഈ പ്രധാനപ്പെട്ട കാര്യം വീണ്ടും ഓർമ വന്നത്. ഇതുപോലെ ഒത്തിരി കാര്യങ്ങൾ ഞാൻ പിടിച്ചിട്ടുള്ളതുകൊണ്ട് പലതും മറന്നുപോയിരുന്നു.
ഇനി താൻ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ, ഞങ്ങൾ ദ്രോഹിച്ചു എന്നോ വേറെ ആണുങ്ങളോടൊപ്പം പോയി എന്നോ എന്ത് വേണമെങ്കിലും തനിക്ക് പറയാം.
കൂടെ വർക്ക് ചെയ്യുന്നവരോടൊക്കെ ഞങ്ങളെക്കുറിച്ച് മോശമായി പറയുന്നതാണ് ഇയാളുടെ ഭീഷണി. ഇയാൾ വളർന്ന രീതികളും ഇയാളുടെ മനസിലുള്ള ട്രോമകളും മറ്റുള്ള പെണ്ണുങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്.
തന്റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതും ഇയാളുടെ ഒരു പ്രതികാരം തീർക്കലാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇനി എന്തും ആയിക്കോട്ടെ, ഇയാൾ അടുത്ത വിഡിയോ ഇടാൻ പോകുന്നുണ്ടാകാം. പക്ഷേ എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാൻ, താൻ പറയിപ്പിച്ചതാണ്.
ഞങ്ങൾ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാൻ പോകുന്നു എന്നോ ഒക്കെയാണോ താൻ പറയുന്നത്? വെട്ടി കൊല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്റെ ഭാവം? തന്റെ ബോംബല്ലേടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടി വന്നത്.
ഇനി താൻ എന്ത് വേണമെങ്കിലും കളിച്ചോ. ഒന്നാമത്തെ ഭാര്യയോ രണ്ടാമത്തെ ഭാര്യയോ എന്ത് ചെയ്തെന്ന് പറഞ്ഞാലും വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. ഞങ്ങൾ അഥവാ തന്നെ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് തന്റെ കഴിവുകേടാണ്; ഒരു പെണ്ണിനെ നോക്കേണ്ട രീതിയിൽ നോക്കാത്തതുകൊണ്ടും താൻ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ നടന്നതുകൊണ്ടുമാണ് ഞങ്ങൾ പോയത്.
ഇനി ഞാൻ തുടങ്ങുകയാണ്, ഇത്രയും കാലം പേടിച്ചു ജീവിച്ചത് മതി. എന്റെ കുഞ്ഞുങ്ങളുടെ പേര് ചീത്തയാകരുത് എന്ന് കരുതി മാത്രമാണ് ഇത്രയും കാലം ഞാൻ ക്ഷമിച്ചത്. പക്ഷേ ഇനി നിങ്ങളെ ഞങ്ങൾ നിയമത്തിന് വിട്ടുകൊടുക്കും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം ഇന്ത്യൻ നിയമത്തിനുണ്ട്, അവർ തീരുമാനിക്കട്ടെ താൻ ആരാണെന്ന്.
എനിക്ക് ഇനി എന്ത് വന്നാലും പ്രശ്നമില്ല. പക്ഷേ എന്റെ മോന് തന്റെ പപ്പയെ ജീവനാണ്, ആ ഒരൊറ്റ വേദന മാത്രമേ എനിക്കുള്ളൂ. അവൻ വളരുമ്പോൾ സത്യം മനസ്സിലാക്കട്ടെ. പണം വാങ്ങിയും പീഡിപ്പിച്ചും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും താൻ എന്തുണ്ടാക്കി? ഒന്നും ഉണ്ടാക്കിയിട്ടില്ല. വിവാഹമോചനം തരാതെയും ആദ്യ ഭാര്യയെ ഉപദ്രവിച്ചും നടക്കുന്ന താൻ ഒന്നിനും കൊള്ളാത്തവനാണ്.
അവർ മാധ്യമങ്ങളിൽ വന്നില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകും. നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവൻ ഇനി ഈ ലോകത്ത് അന്തസോടെ ജീവിക്കേണ്ടതില്ല, നിയമം നിങ്ങളെ വലിച്ചുകീറട്ടെ. സജ്ന നൂർ പറയുന്നു.
Movies
ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും പണം തട്ടുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ പ്രതികരിച്ച് നടന് ഷിയാസ് കരീം. തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ അറുപത് വയസ് പ്രായമുള്ളയാളാണെന്നും ഇതൊരു വ്യാജ പരാതിയാണെന്നും ഷിയാസ് പറയുന്നു.
‘‘എന്റെ പേരിൽ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരിൽ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസുണ്ട്. അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്.
ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുമ്പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്.
പിന്നെ ഇപ്പോൾ പരാതിയുമായി വന്ന സ്ത്രീ അവർക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്.
എന്നെ അറിയുന്നവർക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതുകൊണ്ട് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എഫ്ഐആർ ഇട്ടോയെന്ന് അറിയില്ല. നിങ്ങൾക്ക് വ്യക്തമാക്കാൻ വേണ്ടി പറഞ്ഞതാണ് ഞാൻ. എന്റെ ഭാര്യയുടേയും എന്റെ ഉമ്മയുടേയും കൈയിൽ നിന്ന് ഇവർ കുറച്ച് സ്വർണം വാങ്ങിയിട്ടുണ്ട്. പെങ്ങളുടെ കൈയിൽ നിന്നും വാങ്ങിയിട്ടുണ്ട്.
പക്ഷേ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്നങ്ങൾ വന്നശേഷമാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്. പിന്നെ ഈ സ്ത്രീ എന്റെ ഫാമിലിയിൽ കയറി കുറച്ച് പഴ്സനൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. അതിൽ പ്രശ്നമായപ്പോഴാണ് ഇവർ സ്വർണ്ണം വാങ്ങിക്കൊണ്ടുപോയ കാര്യം ഞാൻ അറിയുന്നത്. കാശും സ്വർണ്ണവും വാങ്ങി കൊണ്ടുപോയിട്ടുണ്ട്.
ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പൈസ ട്രാൻസഫർ ചെയ്തിട്ടുമുണ്ട്. ഞാൻ അവരുടെ കോടികൾ പറ്റിച്ചു. ബിസിനസ് ചെയ്യാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചു എന്നൊക്കെ പറഞ്ഞ് കുറച്ച് നാൾ മുമ്പ് ഈ സ്ത്രീ എന്നെ കുറിച്ച് സോഷ്യൽമീഡിയയിൽ ചിലതൊക്കെ ഇട്ടപ്പോൾ ഞാൻ അവരുടെ പേരിൽ കേസ് കൊടുത്തു. ആ കേസിന്റെ പേരിൽ ഇവർക്ക് നോട്ടീസ് ചെന്നപ്പോൾ ഇവർ എന്റെ പേരിൽ ഇപ്പോൾ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്.
ഞാൻ അവരെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കേരള പോലീസിലും നമ്മുടെ കോടതിയിലും നിയമത്തിലും വളരെ അധികം വിശ്വാസമുള്ളയാളാണ് ഞാൻ. മുമ്പും ഇതുപോലൊരു കേസിന്റെ പേരിൽ ഫൈറ്റ് ചെയ്തയാളാണ് ഞാൻ. അതും ഒരു കള്ളക്കേസായിരുന്നു. അതുപോലെ തന്നെ ഈ കേസിലും ഞാൻ ഫൈറ്റ് ചെയ്യും. ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല.
എന്റെ ഉമ്മയുടെ പ്രായമുണ്ട്. ഇതൊക്കെ പറയാനാണ് ഞാൻ വന്നത്. തലയുയർത്തി പിടിച്ച് നടക്കുന്ന മനുഷ്യനാണ് ഞാൻ. എന്ത് പ്രശ്നം വന്നാലും ഞാൻ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാവില്ല. അത്രയും ധൈര്യം എനിക്കുണ്ട്. മാത്രമല്ല എന്റെ കുടുംബവും എന്നെ അറിയുന്നവരും സ്നേഹിക്കുന്നവരും കൂടെയുണ്ട്. എന്ത് പ്രശ്നം വന്നാലും ഫൈറ്റ് ചെയ്യും.’’ഷിയാസിന്റെ വാക്കുകൾ.
Movies
റിയാലിറ്റി താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കൊച്ചിയില് താമസിക്കുന്ന യുവതിയാണ് ഇന്ന് രാവിലെ പാലാരിവട്ടം പോലീസില് പരാതി നല്കിയത്.
നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പണം നല്കിയില്ലെങ്കില് ദൃശ്യങ്ങള് പോണ് സൈറ്റില് ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സോഷ്യല് മീഡിയ വഴിയാണ് 2023ല് ഷിയാസ് കരീമിനെ പരിചയപ്പെട്ടത്. 2024ല് കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളില് വച്ച് പലതവണ ലൈംഗികമായി ഉപദ്രവിച്ചു. ജീവിതവസാനം വരെ കൂടെ നിര്ത്താമെന്നും ബിസിനസില് പങ്കാളിയാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി.
കൊച്ചിയില് ജിം ആരംഭിക്കാന്, കോഴിക്കോട് സ്ഥലം വാങ്ങാന് എന്നിങ്ങനെയുള്ള ആവശ്യങ്ങള് പറഞ്ഞാണ് പണം വാങ്ങിയത്. ഷിയാസ് വിവാഹിതനാണെന്ന വിവരം തന്നില് നിന്നും മറച്ചു വച്ചു. വിവാഹ ശേഷവും തന്നെ ചൂഷണം ചെയ്തു. 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തു.
പണം നല്കിയില്ലെങ്കില് തനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള് സോഷ്യല് മീഡിയയിലും പോണ് സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതിയില് പറയുന്നത്. ഷിയാസിന്റെ സുഹൃത്ത് ഫ്ളാറ്റില് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ചിത്രങ്ങള് എടുത്തതായും പരാതിയില് പറയുന്നുണ്ട്.
അതേസമയം, ഷിയാസ് കരീമിനെതിരെ എത്തുന്ന രണ്ടാമത്തെ പീഡന പരാതിയാണിത്. കാസര്കോട് ഹൊസ്ദുര്ഗ് സ്വദേശിയായ ജിം ട്രെയ്നറെ പീഡിപ്പിച്ച കേസിലും ഷിയാസ് പ്രതിയായിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയില് ഷിയാസ് കരീം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Movies
പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണം നൽകി എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖിൽ മാരാർ. ഇനിയും ഒരു കുഞ്ഞു വേണമെന്നും തനിക്കിനിയും പ്രസവിക്കണം എന്നു പറയുന്ന ഒരു ഭാര്യയാണ് തനിക്കൊപ്പം ജീവിക്കുന്നതെന്നും തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും അഖിൽ പറയുന്നു.
ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആ പേപ്പട്ടിയെ തല്ലി കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്തും കാണിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അഖിൽ പറഞ്ഞു.
സ്ത്രീകളുടെ പ്രസവം സങ്കീർണമാക്കിയത് ആശുപത്രികളെന്ന അഖിലിന്റെ പ്രസ്താവനയാണ് വിവാദമായി മാറിയത്.
അഖിൽ മാരാരിന്റെ വിശദീകരണം
''ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആ പേപ്പട്ടിയെ തല്ലി കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്തും കാണിക്കുന്ന നിങ്ങൾക്ക് ഞാൻ പറഞ്ഞത് പൂർണമായും കേൾക്കാൻ മനസില്ലെങ്കിൽ ഈ മൂന്ന് മിനിറ്റ് എങ്കിലും കെട്ട് നോക്ക്.
പ്രസവിക്കുക എന്ന ഒരു കാര്യത്തെ കുറിച്ചാണോ ഞാൻ പറഞ്ഞതെന്നും എന്താണ് യഥാർത്ഥത്തിൽ പറഞ്ഞതെന്നും മനസിലാക്കാൻ പറ്റും..ഇനി ഈ പറഞ്ഞ കാര്യങ്ങളിൽ ആരെയെങ്കിലും ആക്ഷേപിച്ചതോ അല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ഉണ്ടെങ്കിൽ എനിക്ക് മനസ്സിലാക്കി തരുക..
ഈ വിഡിയോയിൽ തന്നെ ഞാൻ പറയുന്നു പണ്ട് തമാശ പോലെ പറഞ്ഞിരുന്ന എന്ന നിലയിൽ ഇനി ഇതേ കാര്യം ആക്ഷേപിക്കണമെങ്കിൽ എന്നേക്കാൾ സമൂഹത്തിൽ സ്വാധീനമുള്ള ജയറാം, സത്യൻ അന്തിക്കാട് എന്നിവർക്കെതിരെയും ഡോക്ടർമാർ കേസ് കൊടുക്കണം..
എനിക്കെതിരെ ഞാൻ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന പരുപാടി പുരോഗമന വാദികളും ഫെമിനിസ്റ്റുകളും തുടങ്ങിയിട്ട് നാള് കുറെ നാളുകളായി..
ബിഗ് ബോസിൽ ഉള്ള കാലം
1. ഭക്ഷണം വളരെ കുറവായ ഒരു സ്ഥലത്തു ടാസ്കിന്റെ ഭാഗമായി ഭക്ഷണം മോഷ്ടിച്ച സാഗറിനോട് തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചു ഒടിച്ചു അട്ടപ്പാടിയിൽ മരിച്ച മധുവിനെ ആക്ഷേപിച്ചു എന്ന രീതിയിൽ ആക്കി ആക്രമിച്ചു.
2.കുടുംബ ജീവിതത്തിൽ എന്നല്ല സൗഹൃദങ്ങൾക്കിടയിൽ പോലും അടിയും വഴക്കും ഉണ്ടാകും അത് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നത് ആണ് എല്ലാ ബന്ധങ്ങളും നില നിൽക്കാൻ കാരണം എന്റെ ജീവിതത്തിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു അതോടെ ഫെമിനിച്ചികൾ ഇളകി മറിയുന്നു..
3.തമാശ രൂപേണ ആരെയും അപമാനിക്കാതെ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉള്ളിൽ കൈ വെച്ച് കൈപ്പത്തി പൊക്കിയും താഴ്ത്തിയും കാണിച്ചതിന് സ്ത്രീകളെ മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചു..
4. ഹൗസിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരുടെ വൃത്തികെട്ട സ്വഭാവം പുറത്ത് എടുത്തപ്പോൾ അവരെ വ്യക്തിപരമായി പറഞ്ഞത് കേരളത്തിൽ ഉള്ള സ്ത്രീ സംരംഭകരെ ആക്ഷേപിച്ചു എന്ന രീതിയിൽ വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു..
എന്നാൽ ഇതൊക്കെ മറ്റ് ക്യാമറകളിൽ കണ്ട പ്രേക്ഷകർ എന്റെ സത്യം തിരിച്ചറിഞ്ഞു എനിക്കൊപ്പം നിന്നു..എന്നാലിന്നു കേരളത്തിൽ ഇത് പോലെ കുറെയെണ്ണം പ്രത്യേകിച്ച് ഞാൻ എൻഡിഎയുടെ ഭാഗമായതോടെ പഴയതും പുതിയതുമായ അഭിമുഖങ്ങളിൽ നിന്നും അവർക്ക് വേണ്ട കാര്യങ്ങൾ അടർത്തി എടുത്തു അവരുടെ വ്യാഖ്യാനം അതിന്റെ മുകളിൽ ചമച്ചിട്ട് അത് ഞാൻ ഉദ്ദേശിച്ചത് ആണെന്ന് പറഞ്ഞു എന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു. അതിന്റെ ഏറ്റവും പുതിയതാണ് പ്രസവത്തെ നിസാരവത്കരിച്ചു ഗർഭിണികളെ ആക്ഷേപിച്ചു..
ഇനിയും ഒരു കുഞ്ഞു വേണമെന്നും എനിക്കിനിയും പ്രസവിക്കണം അഞ്ച് കുഞ്ഞുങ്ങൾ നമുക്ക് വേണം എന്ന് പറയുന്ന ഒരു ഭാര്യയാണ് എനിക്കൊപ്പം ജീവിക്കുന്നത്.. അവൾക്കത് പറയാനുള്ള ധൈര്യത്തിന്റെ പേരാണ് ഭർത്താവ്.
ആ എന്നെ കുടുംബം നോക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ എണ്ണം കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ആക്രമിച്ചാൽ മൂക്കിലെ ഒരു രോമം പറിച്ചു കളയുന്ന ലഘവം മാത്രമേ ഞാൻ അതിന് കൊടുക്കു. എന്നാൽ എന്നെ എതിർക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും കാലങ്ങൾ ആയി കേരളത്തിൽ സൃഷ്ടിക്കുന്ന അപകടത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നതാണ് ചില മറുപടികൾ നൽകാൻ പ്രേരിപ്പിച്ചത്.
പ്രസവം എന്ന ഒരു തവണത്തെ പ്രോസസ് അല്ല മറിച്ചു 10 മാസത്തെ ഗർഭ കാലം അതിനെ വിറ്റ് തിന്നുന്നവർ അവരുടെ കച്ചവട ബുദ്ധി അതിനേക്കാൾ ഉപരി വർധിച്ചു വരുന്ന സിസേറിയൻ നിരക്ക്..
അതായത് WHO മാനദണ്ഡം പ്രകാരം സിസേറിയൻ നിരക്ക് 10-15% നിർത്തണം എന്നാണ്.. എന്നാൽ കേരളത്തിൽ 45% ത്തിന് മുകളിൽ ആണ് സിസേറിയൻ നിരക്ക്.ഏറ്റവും സുരക്ഷിതമായ പ്രസവത്തെ അതായത് നോർമൽ ഡെലിവറിയേ ഇല്ലാതാക്കി സിസേറിയൻ വർദ്ധിപ്പിച്ചതിന് പിന്നിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് വലുതാണ്.
ഇനി മറ്റൊരു വിഡ്ഢിത്തരം കൂടി ഇവറ്റകൾ പടച്ചു വിടുന്നു ശിശു മരണ നിരക്ക് പ്രസവവുമായി കൂട്ടി കെട്ടി സംസാരിക്കുന്നത് കണ്ടു.. നേരിയ ശതമാനം മാത്രമാണ് പ്രസവം മൂലം മരണപെടുന്ന കുട്ടികളുടെ കണക്ക്.. അമ്മയുടെ ആരോഗ്യമില്ലായ്മയും പോഷക ആഹാര കുറവുമാണ് ശിശു മരണ നിരക്കിനു കാരണം. ഇതൊക്കെ എന്നോട് പറയുന്ന രീതിയിൽ പടച്ചു വിടാൻ ഇതൊന്നും ഞാൻ പറഞ്ഞ വിഷയവുമല്ല എന്നതാണ് മറ്റൊരു സത്യം..
സ്ത്രീകൾ അനുഭവിക്കുന്ന യഥാർഥ പ്രശ്നങ്ങൾ പറഞ്ഞു സംസാരിച്ച എനിക്ക് കപട സ്ത്രീ പക്ഷ സ്നേഹികൾ മനസ്സിലാക്കി തന്നു സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗർഭവും, പ്രസവവും ആണെന്ന്..അച്ഛൻ ആവുന്ന വ്യക്തി പ്രസവ വേദന അനുഭവിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒന്നുമല്ലാതെ പോകുന്നത് പുരുഷൻ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവൻ ആയത് കൊണ്ടാണ്..സോഷ്യൽ മീഡിയയിൽ നാല് കമന്റ് തെറി കണ്ടാൽ അയ്യോ സൈബർ ബുള്ളിയിങ്..
സ്ത്രീകളെ ആക്ഷേപിക്കുന്നെ എന്ന് പറഞ്ഞു നിലവിളിക്കുന്നവർ പുരുഷനെ ഏത് രീതിയിൽ ആര് ആക്രമിച്ചാലും ഒരു കുഴപ്പമില്ല.നിങ്ങൾ എത്രയൊക്കെ ഇല്ലാ കഥകൾ കൂട്ടി ആക്ഷേപിച്ചാലും എന്തൊക്കെ പറഞ്ഞാലും സത്യം പറയുന്നതിൽ നിന്നും എന്നെ തടയാൻ ആർക്കും കഴിയില്ല...
പറയുന്നത് ഉൾകൊള്ളാൻ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്..പ്രസവം എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എൻജോയ് ചെയ്യണമെങ്കിൽ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയും അതിലൂടെ അവൾക്ക് ലഭിക്കുന്ന ആത്മ നിർവൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം..
ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്..
അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല. ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്..
നിങ്ങൾ ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നല്ല മനസ്സോടെ ,ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ചു പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിച്ചും,മനസിന് കരുത്തു നൽകുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു..മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു..
ഗർഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലമാണ്..അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്..ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങൾ കുറെയൊക്കെ പറയുന്നുണ്ട് ഒരു അമേരിക്കൻ മരുന്ന് റിസർച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്..നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്..
കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്.. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം.. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർത്ഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക..
ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്മക്ക് എന്താ പറയുക..
വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്.വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും..കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക..''
Movies
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ നടി സുഭാഷിണിയെ(36) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ബംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്. 2024 വരെ ബംഗളൂരുവിൽ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്റെ സൗകര്യാർഥം ചെന്നൈയിലെ വാടക അപ്പാർട്മെന്റിലേക്ക് മാറുകയായിരുന്നു.
‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി.
ഞായറാഴ്ച രാത്രി ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു.